പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഞാൻ വിശ്വസിക്കുന്ന, വചനത്തിൽ അധിഷ്ഠിതം വിശ്വാസപ്രമാണം
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഞാൻ വിശ്വസിക്കുന്ന, വചനത്തിൽ അധിഷ്ഠിതം വിശ്വാസപ്രമാണം
1. പരിശുദ്ധാത്മാവ് ദൈവമാണ്
പരിശുദ്ധാത്മാവ് ഒരു ശക്തികേന്ദ്രമോ, ഒരു വികാരാനുഭവമോ, ഒരു അസാധാരണ ആത്മീയ ഊർജമോ മാത്രമല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും കൂടെ ഏക സത്യദൈവത്തിന്റെ വ്യക്തിത്വമുള്ള മൂന്നാമത്തെ വ്യക്തിയാണ് (മത്തായി 28:19; 2 കൊരിന്ത്യർ 13:14).
അവൻ സംസാരിക്കുന്നു (പ്രവൃത്തികൾ 13:2), പഠിപ്പിക്കുന്നു (യോഹന്നാൻ 14:26), സാക്ഷ്യം പറയുന്നു (യോഹന്നാൻ 15:26), ദുഃഖിപ്പിക്കപ്പെടുന്നു (എഫെസ്യർ 4:30), ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നു (1 കൊരിന്ത്യർ 12:11). അതുകൊണ്ട് അവനെ ഒരു “ശക്തി”യായി മാത്രം കാണുന്നത് തിരുവെഴുത്തിന്റെ സാക്ഷ്യത്തിന് വിരുദ്ധമാണ്.
2. പരിശുദ്ധാത്മാവ് ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു
പരിശുദ്ധാത്മാവിന്റെ പ്രധാന ശുശ്രൂഷ മനുഷ്യനെ ഒരു ആത്മീയ അനുഭവത്തിന്റെ പിന്നാലെ ഓടിക്കുക എന്നതല്ല; ക്രിസ്തുവിനെ വെളിപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതാണ്.
“അവൻ എന്നെ മഹത്വപ്പെടുത്തും” എന്നു യേശു പറഞ്ഞു (യോഹന്നാൻ 16:14).
അതിനാൽ യഥാർത്ഥ ആത്മാവിന്റെ പ്രവർത്തനം ക്രിസ്തുവിൽ നിന്ന് മനുഷ്യന്റെ ശ്രദ്ധ മാറ്റി ഒരു വ്യക്തിയിലേക്കോ, ശുശ്രൂഷകനിലേക്കോ, ആത്മീയ പ്രകടനത്തിലേക്കോ കൊണ്ടുപോകുകയില്ല. പരിശുദ്ധാത്മാവ് ക്രിസ്തുവിനെ ഉയർത്തുന്നു; ക്രിസ്തുവിന്റെ വചനം ഓർമ്മിപ്പിക്കുന്നു; ക്രിസ്തുവിന്റെ സ്വഭാവത്തിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുന്നു.
3. പരിശുദ്ധാത്മാവ് പാപത്തെ ബോധ്യപ്പെടുത്തുന്നു
പരിശുദ്ധാത്മാവ് ലോകത്തെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തുന്നു (യോഹന്നാൻ 16:8–11).
അതുകൊണ്ട് ആത്മാവിന്റെ സാന്നിധ്യം വെറും ശക്തമായ അനുഭവത്തിലും വികാരത്തിലും പ്രകടനങ്ങളിലും അളക്കാനാവില്ല. പാപബോധം, മാനസാന്തരം, ക്രിസ്തുവിലുള്ള വിശ്വാസം, വിശുദ്ധജീവിതം എന്നിവയിലേക്കാണ് അവന്റെ പ്രവർത്തനം നമ്മെ നയിക്കുന്നത്.
4. പരിശുദ്ധാത്മാവ് വിശ്വാസിയിൽ വസിക്കുന്നു
ക്രിസ്തുവിൽ വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവ് വസിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
“ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല” (റോമർ 8:9).
വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ് (1 കൊരിന്ത്യർ 6:19). അതിനാൽ പരിശുദ്ധാത്മാവിന്റെ വാസം ചില പ്രത്യേക ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഉയർന്ന ആത്മീയ നിലയല്ല; ക്രിസ്തുവിലുള്ളവരുടെ പൊതുവായ യാഥാർത്ഥ്യമാണ്.
5. പരിശുദ്ധാത്മാവ് വിശ്വാസിയെ പുതുക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു
പരിശുദ്ധാത്മാവ് നമ്മെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരുകയും ക്രമേണ ക്രിസ്തുവിന്റെ സ്വഭാവത്തിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു (തീത്തോസ് 3:5; 2 കൊരിന്ത്യർ 3:18).
അതുകൊണ്ട് ആത്മീയതയെ വെറും അനുഭവങ്ങൾ, ഭാഷകൾ, പ്രവചനങ്ങൾ, അത്ഭുതങ്ങൾ, വീഴ്ചകൾ, വിറയലുകൾ തുടങ്ങിയ ബാഹ്യപ്രകടനങ്ങളാൽ മാത്രം അളക്കാൻ കഴിയില്ല.
ആത്മാവിന്റെ ഏറ്റവും വ്യക്തമായ തെളിവുകളിൽ ഒന്നാണ് ആത്മാവിന്റെ ഫലം: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാത്യർ 5:22–23).
6. പരിശുദ്ധാത്മാവിന്റെ നിറവ്
വിശ്വാസികൾ “ആത്മാവിനാൽ നിറഞ്ഞുകൊണ്ടിരിപ്പിൻ” എന്ന് കൽപ്പിക്കപ്പെട്ടിരിക്കുന്നു (എഫെസ്യർ 5:18).
അതിനാൽ ആത്മനിറവ് ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അനുഭവമായി ചുരുക്കരുത്. പ്രവൃത്തികളുടെ പുസ്തകത്തിൽ ഒരേ വിശ്വാസികൾ തന്നെ വിവിധ സമയങ്ങളിൽ വീണ്ടും പരിശുദ്ധാത്മാവിനാൽ നിറയുന്നതായി കാണുന്നു (പ്രവൃത്തികൾ 2:4; 4:8, 31; 13:9, 52).
ആത്മാവിനാൽ നിറയുക എന്നത് ദൈവത്തിന്റെ നിയന്ത്രണത്തിന് കീഴിൽ ജീവിക്കുക, സാക്ഷ്യത്തിൽ ധൈര്യം നേടുക, ക്രിസ്തുവിന്റെ സ്വഭാവത്തിൽ വളരുക, ശുശ്രൂഷയ്ക്കായി ശക്തിപ്പെടുക എന്ന തുടർച്ചയായ ജീവിതാനുഭവമാണ്.
7. പരിശുദ്ധാത്മാവിന്റെ ശക്തി സാക്ഷ്യത്തിനും ശുശ്രൂഷയ്ക്കുമാണ്
“പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി പ്രാപിച്ച്... എന്റെ സാക്ഷികൾ ആകും” എന്ന് യേശു പറഞ്ഞു (പ്രവൃത്തികൾ 1:8).
അതിനാൽ ആത്മാവിന്റെ ശക്തി മനുഷ്യന്റെ ആത്മീയ പ്രതാപത്തിനോ വ്യക്തിപരമായ പ്രശസ്തിക്കോ വേണ്ടിയല്ല; ക്രിസ്തുവിന്റെ സാക്ഷ്യത്തിനും സഭയുടെ ശുശ്രൂഷയ്ക്കും ദൈവരാജ്യത്തിന്റെ ദൗത്യത്തിനുമാണ്.
8. ആത്മീയ വരങ്ങൾ യഥാർത്ഥമാണ്
പരിശുദ്ധാത്മാവ് സഭയുടെ പ്രയോജനത്തിനായി വിവിധ ആത്മീയ വരങ്ങൾ നൽകുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു (1 കൊരിന്ത്യർ 12:4–11).
ജ്ഞാനവചനം, പരിജ്ഞാനവചനം, വിശ്വാസം, രോഗശാന്തിയുടെ വരങ്ങൾ, അത്ഭുതപ്രവർത്തികൾ, പ്രവചനം, ആത്മാക്കളെ തിരിച്ചറിയൽ, വിവിധ ഭാഷകൾ, ഭാഷകളുടെ വ്യാഖ്യാനം തുടങ്ങിയവയെ തിരുവെഴുത്ത് അംഗീകരിക്കുന്നു (1 കൊരിന്ത്യർ 12:8–10).
എന്നാൽ വരങ്ങൾ ആത്മാവിന്റെ ഇഷ്ടപ്രകാരം വിഭജിക്കപ്പെടുന്നു:
“ഇവയെല്ലാം ആ ഒരേ ആത്മാവ് തന്നെ പ്രവർത്തിക്കുന്നു; താൻ ഇച്ഛിക്കുന്നതുപോലെ ഓരോരുത്തർക്കും പ്രത്യേകം പങ്കിടുന്നു.”
— 1 കൊരിന്ത്യർ 12:11
അതുകൊണ്ട് ഒരു പ്രത്യേക വരം ലഭിച്ചതുകൊണ്ട് ഒരാൾ മറ്റൊരാളേക്കാൾ ആത്മീയമായി ശ്രേഷ്ഠനാകുന്നില്ല.
9. അന്യഭാഷകൾ പരിശുദ്ധാത്മാവിന്റെ യഥാർത്ഥ വരമാണ്
പ്രവൃത്തികൾ 2, 10, 19 എന്നിവയിൽ അന്യഭാഷകൾ പരിശുദ്ധാത്മാവിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതായി ഞങ്ങൾ അംഗീകരിക്കുന്നു.
Pentecost-ൽ വിവിധ ജനവിഭാഗങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ സ്വന്തം ഭാഷകളിൽ ദൈവത്തിന്റെ മഹത്കാര്യങ്ങൾ കേട്ടു (പ്രവൃത്തികൾ 2:6–11). Acts 10-ൽ ജാതികൾക്കും പരിശുദ്ധാത്മാവ് ലഭിച്ചതിന്റെ ദൈവിക സ്ഥിരീകരണമായി tongues പ്രത്യക്ഷപ്പെടുന്നു (പ്രവൃത്തികൾ 10:44–47; 11:15–17). Acts 19-ലും അത് Spirit's coming-നോടൊപ്പം കാണപ്പെടുന്നു (പ്രവൃത്തികൾ 19:6).
അതിനാൽ അന്യഭാഷകളെ ഞങ്ങൾ നിഷേധിക്കുന്നില്ല; എന്നാൽ അവയുടെ biblical purpose മനസ്സിലാക്കുമ്പോൾ സംഭവത്തെ doctrine-ൽ നിന്ന് വേർതിരിച്ച് കാണണം.
10. എല്ലാ വിശ്വാസികളും അന്യഭാഷ സംസാരിക്കണം എന്ന നിർബന്ധം തിരുവെഴുത്ത് പഠിപ്പിക്കുന്നില്ല
പ്രവൃത്തികളിലെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി “പരിശുദ്ധാത്മാവിനെ പ്രാപിക്കുന്ന ഓരോ വിശ്വാസിയും നിർബന്ധമായും ആദ്യം അന്യഭാഷ സംസാരിക്കണം” എന്ന universal doctrine സ്ഥാപിക്കാൻ വ്യക്തമായ apostolic command ഇല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
പ്രത്യേകിച്ച് 1 കൊരിന്ത്യർ 12:29–30-ൽ പൗലോസ് ചോദിക്കുന്നു:
“എല്ലാവരും... അന്യഭാഷകളിൽ സംസാരിക്കുമോ?”
സന്ദർഭം വ്യക്തമാണ്—എല്ലാവർക്കും ഒരേ ആത്മീയ വരം ലഭിക്കുന്നില്ല.
അതുകൊണ്ട് tongues biblical ആണ്; എന്നാൽ tongues എല്ലാ വിശ്വാസികൾക്കും നിർബന്ധിതമായ initial evidence ആണെന്ന് Scripture വ്യക്തമായി പഠിപ്പിക്കുന്നില്ല.
Acts-ൽ സംഭവിച്ച ഓരോ കാര്യവും എല്ലാ കാലത്തെയും വിശ്വാസികൾക്ക് നിർബന്ധിത മാതൃകയാണെന്ന് കരുതുന്നതിന് മുമ്പ്, apostles അതിനെ സഭയ്ക്കുള്ള universal command ആയി പഠിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
11. ആത്മാവിന്റെ വരവും ആത്മീയ വരവും ഒരേ കാര്യമല്ല
പരിശുദ്ധാത്മാവ് വിശ്വാസിയിൽ വസിക്കുന്നത്, ആത്മാവിനാൽ നിറയുന്നത്, ആത്മാവിന്റെ ശക്തി പ്രാപിക്കുന്നത്, ആത്മീയ വരങ്ങൾ ലഭിക്കുന്നത് എന്നിവയെ ഒരൊറ്റ അനുഭവമായി ചുരുക്കരുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഒരു വ്യക്തിക്ക് ഒരു പ്രത്യേക വരം ലഭിക്കാത്തത് അവനിൽ പരിശുദ്ധാത്മാവ് ഇല്ലെന്നതിന് തെളിവല്ല.
അതുപോലെ ഒരു പ്രത്യേക ആത്മീയ പ്രകടനം ഉണ്ടായതുകൊണ്ട് മാത്രം ഒരാൾ ആത്മീയമായി പക്വനാണെന്നും പറയാനാവില്ല.
12. ആത്മീയ അനുഭവങ്ങൾ എല്ലാം പരിശോധിക്കപ്പെടണം
“ആത്മാക്കളെ വിശ്വസിക്കാതെ പരീക്ഷിപ്പിൻ” (1 യോഹന്നാൻ 4:1).
പ്രവചനവും പരിശോധിക്കണം (1 കൊരിന്ത്യർ 14:29).
എല്ലാം പരീക്ഷിച്ച് നല്ലത് മുറുകെപ്പിടിക്കണം (1 തെസ്സലൊനീക്യർ 5:21).
അതുകൊണ്ട് “പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്” എന്ന അവകാശവാദം മാത്രം ഒരു അനുഭവത്തെ അംഗീകരിക്കാൻ മതിയായ തെളിവല്ല.
വചനം ആത്മീയ അനുഭവങ്ങളുടെ വിധികർത്താവാണ്; അനുഭവങ്ങൾ വചനത്തിന്റെ വിധികർത്താക്കൾ അല്ല.
13. പരിശുദ്ധാത്മാവ് ഒരിക്കലും തിരുവെഴുത്തിന് വിരുദ്ധമായി നയിക്കുകയില്ല
പരിശുദ്ധാത്മാവാണ് തിരുവെഴുത്തിന്റെ പ്രചോദകൻ (2 തിമൊഥെയൊസ് 3:16; 2 പത്രോസ് 1:20–21).
അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ പേരിൽ പറയുന്ന ഒരു സന്ദേശവും ദൈവം ഇതിനകം വെളിപ്പെടുത്തിയ വചനത്തിന് വിരുദ്ധമാകാൻ കഴിയില്ല.
വെളിപ്പാട് എന്ന പേരിൽ വചനത്തെ തിരുത്താനോ, മറികടക്കാനോ, അസാധുവാക്കാനോ കഴിയില്ല.
14. ആത്മാവിന്റെ പ്രവർത്തനത്തിന്റെ ലക്ഷ്യം സഭയുടെ നിർമ്മാണമാണ്
ആത്മീയ വരങ്ങൾ വ്യക്തിയുടെ ആത്മീയ പ്രതാപത്തിനല്ല, സഭയുടെ edification-നാണ് (1 കൊരിന്ത്യർ 12:7; 14:12, 26).
അതുകൊണ്ട് സഭയിലെ ആത്മീയ ശുശ്രൂഷകൾ ക്രമത്തോടെയും സ്നേഹത്തോടെയും വചനത്തിന്റെ നിയന്ത്രണത്തിലുമാകണം.
“ദൈവം കലഹത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്” (1 കൊരിന്ത്യർ 14:33).
15. സ്നേഹമാണ് ആത്മീയ വരങ്ങളുടെ അനിവാര്യമായ വഴി
1 കൊരിന്ത്യർ 12-ൽ വരങ്ങളെക്കുറിച്ച് പഠിപ്പിച്ച ശേഷം പൗലോസ് 13-ാം അധ്യായത്തിൽ സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നു.
അതിനാൽ tongues, prophecy, knowledge, faith തുടങ്ങിയ വരങ്ങൾ ഉണ്ടായാലും സ്നേഹം ഇല്ലെങ്കിൽ ആത്മീയ ശ്രേഷ്ഠതയ്ക്ക് യാതൊരു മൂല്യവുമില്ല (1 കൊരിന്ത്യർ 13:1–3).
ആത്മീയ വരങ്ങൾ നമ്മെ മറ്റുള്ളവരെക്കാൾ ഉയർത്താൻ വേണ്ടിയല്ല; മറ്റുള്ളവരെ പണിയാൻ വേണ്ടിയാണ്.
ഞങ്ങളുടെ സംക്ഷിപ്ത വിശ്വാസപ്രഖ്യാപനം
ഞങ്ങൾ വിശ്വസിക്കുന്നു:
പരിശുദ്ധാത്മാവ് ഒരു ശക്തിയല്ല; വ്യക്തിത്വമുള്ള ദൈവമാണ്.
അവൻ പിതാവിനോടും പുത്രനോടും കൂടെ ആരാധിക്കപ്പെടേണ്ട ഏക സത്യദൈവത്തിന്റെ വ്യക്തിയാണ്.
അവൻ പാപത്തെ ബോധ്യപ്പെടുത്തുന്നു, ക്രിസ്തുവിലേക്ക് നയിക്കുന്നു, വിശ്വാസിയിൽ വസിക്കുന്നു, വിശുദ്ധീകരിക്കുന്നു, പഠിപ്പിക്കുന്നു, ആശ്വസിപ്പിക്കുന്നു, ശക്തിപ്പെടുത്തുന്നു, സാക്ഷ്യത്തിനായി അയയ്ക്കുന്നു.
അവൻ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു, മനുഷ്യനെ അല്ല.
അവൻ തന്റെ ജനത്തിന് ആത്മീയ വരങ്ങൾ താൻ ഇച്ഛിക്കുന്നതുപോലെ നൽകുന്നു.
അതിനാൽ എല്ലാ വിശ്വാസികളും ഒരേ വരം സ്വീകരിക്കണമെന്നില്ല.
അന്യഭാഷകൾ തിരുവെഴുത്തിലുള്ള യഥാർത്ഥ ആത്മീയ വരമാണ്; എന്നാൽ എല്ലാ വിശ്വാസികളും പരിശുദ്ധാത്മാവിനെ പ്രാപിച്ചതിന്റെ നിർബന്ധിത initial evidence ആയി അന്യഭാഷ സംസാരിക്കണം എന്ന് തിരുവെഴുത്ത് വ്യക്തമായി പഠിപ്പിക്കുന്നില്ല.
ഞങ്ങൾ ആത്മീയ വരങ്ങളെ നിഷേധിക്കുന്നില്ല; അതുപോലെ ആത്മീയ അനുഭവങ്ങളെ അന്ധമായി അംഗീകരിക്കുന്നുമില്ല.
എല്ലാം തിരുവെഴുത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുന്നു.
ആത്മീയ ശക്തിയെക്കാൾ ക്രിസ്തുസദൃശമായ സ്വഭാവം, ആത്മീയ പ്രകടനത്തെക്കാൾ ആത്മാവിന്റെ ഫലം, മനുഷ്യന്റെ പ്രശസ്തിയെക്കാൾ ക്രിസ്തുവിന്റെ മഹത്വം, അനുഭവത്തെക്കാൾ ദൈവവചനം—ഇവയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.
കാരണം,
“അവൻ എന്നെ മഹത്വപ്പെടുത്തും.” — യോഹന്നാൻ 16:14
പരിശുദ്ധാത്മാവിന്റെ യഥാർത്ഥ പ്രവർത്തനത്തിന്റെ കേന്ദ്രം ക്രിസ്തുവാണ്; അതിന്റെ മാനദണ്ഡം തിരുവെഴുത്താണ്; അതിന്റെ ഫലം ക്രിസ്തുസദൃശമായ ജീവിതമാണ്; അതിന്റെ ലക്ഷ്യം ദൈവത്തിന്റെ മഹത്വവും സഭയുടെ നിർമ്മാണവും ആണ്.
-- ടോം --
Comments